വാഷിങ്ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. ഏറെ നാളായി ജോര്‍ജിയയിലെ വസതിയിലായിരുന്നു താമസം. 1977 മുതല്‍ 1981 വരെ കാര്‍ട്ടന്‍ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. രാജ്യത്തെ 39-ാം പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍.

2002ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച, ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തി കൂടിയാണ് ജിമ്മി കാര്‍ട്ടര്‍. കാന്‍സറിനെ അതിജീവിച്ച അദ്ദേഹം ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.

ഡെമോക്രാറ്റുകാരനായിരുന്ന കാര്‍ട്ടന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജെറാള്‍ഡ് ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് 1977ല്‍ അധികാരത്തില്‍ എത്തിയത്. അസ്ഥിരമായ എണ്ണവില, ശീതയുദ്ധം എന്നിവയുടെ കാലത്തായിരുന്നു കാര്‍ട്ടറിന്റെ ഭരണം. തന്റെ ഭരണകാലത്ത് മനുഷ്യാവകാശങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍, ആണവ വ്യാപനം, ആഗോള ദാരിദ്ര്യം എന്നിവയ്ക്ക് കാര്‍ട്ടര്‍ ഊന്നല്‍ നല്‍കി. 1978 ല്‍ നടപ്പിലാക്കിയ ക്യാമ്പ് ഡേവിഡ് ഉടമ്പടിയും അദ്ദേഹത്തിന്റെ ഭരണകാലത്ത് എടുത്ത് പറയേണ്ട നേട്ടങ്ങളില്‍ ഒന്നാണ്.

എന്നാല്‍ പിന്നീടുണ്ടായ ഇറാനിയന്‍ ബന്ദി പ്രതിസന്ധി, പണപ്പെരുപ്പം, ഊര്‍ജ ദൗര്‍ലഭ്യം എന്നീ കാരണങ്ങള്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കി. 1980 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റൊണാള്‍ഡ് റീഗനോടായിരുന്നു ജിമ്മി കാര്‍ട്ടര്‍ പരാജയം ഏറ്റുവാങ്ങിയത്. കാര്‍ട്ടറുടെ ജീവിതപങ്കാളി റോസലിന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് മുകളിലായി കാര്‍ട്ടര്‍ ചികിത്സയിലായിരുന്നു. പങ്കാളിയുടെ മരണത്തോട് അനുബന്ധിച്ച ചടങ്ങിലാണ് കാര്‍ട്ടര്‍ അവസാനമായി പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *