തിരുവനന്തപുരം: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ ഉൾപ്പെടെ ഭക്ഷ്യസാധനങ്ങൾ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ വ്യാപക പരിശോധനയുണ്ടാകും. ഹെൽത്ത് കാർഡ് ഇല്ലാത്തപക്ഷം കടകൾ പൂട്ടേണ്ടി വരും. പിന്നീട് കാർഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കട തുറക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ഇതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അനുമതി വേണം.

അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടുമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിംഗ് എടുക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ജീവനക്കാർക്ക് പകർച്ചവ്യാധികൾ, മുറിവ്, മറ്റ് രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കൽ പരിശോധന നടത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും കൈവശം വയ്ക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *