കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബസ് അപകടത്തിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം.കേശവീയം വീട്ടിൽ അജിത്ത് കുമാറിൻ്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തിൽപ്പെട്ടത്. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയിലാണ് ബസിൻ്റെ മുൻ ചക്രം കയറി നിന്നത്. സംഭവം കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുടി മുറിച്ച് മാറ്റി അമ്പിളിയെ രക്ഷിച്ചു.അടൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് യുവതിയെ ഇടിച്ചത്.
സ്കൂൾ ബസിൽ നിന്ന് കുട്ടികളെ ഇറക്കി റോഡ് മുറിച്ചു കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെ എസ് ആർ ടി സി ബസ് വരുന്നതുകണ്ട് ഓടി കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു. തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റു പരുക്കുകളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *