
ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതുവിന്റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരും. അമ്മയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി.സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താന്‍ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിന്റേത് മുങ്ങി മരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ്. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം കുട്ടിയുടെ മുത്തശ്ശി ശ്രീകലയേയും അച്ഛന്‍ ശ്രീജിത്തിനേയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ദേവേന്ദുവിന്റെ സംസ്‌കാരച്ചടങ്ങുകളും പൂര്‍ത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.