യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ റദ്ദാക്കിയാല്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഒരാളുടെ അക്കൗണ്ടില്‍ നിന്നും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ മാത്രമേ സോഷ്യൽ മീഡിയ കമ്പനികൾക്ക് അവകാശമുള്ളൂ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. അതേസമയം ഒരു ഉപയോക്താവിന്റെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍, അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം വിശദമാക്കി.
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ തന്നെ പൂട്ടിയതുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം കോടതിയില്‍ മറുപടി അറിയിച്ചത്.
മുന്‍കൂര്‍ അറിയിപ്പ് കൂടാതെ അക്കൗണ്ട് റദ്ദാക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കേന്ദ്രം മറുപടിയില്‍ പറഞ്ഞു. പൗരന്മാരുടെ ഇത്തരം മൗലികാവകാശങ്ങളെ തടഞ്ഞാല്‍ അതിന് സമൂഹമാധ്യമങ്ങളെ ഉത്തരവാദിയായികാണണമെന്നും സാങ്കേതിക വളര്‍ച്ച ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് വിലങ്ങാവാന്‍ പാടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അല്ലെങ്കില്‍ അത് ജനാധിപത്യ രാഷ്ട്രത്തിന് തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
എന്തിനാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് കമ്പനി മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ചട്ടലംഘനത്തിന്റെ പേരില്‍ കമ്പനി ഏകപക്ഷീയമായി നടപടിയെടുത്താല്‍ സമൂഹമാധ്യമത്തിനെതിരെ നിയമപരമായി നീങ്ങാന്‍ ഉപയോക്താവിന് അവസരമുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. അതേസമയം ബലാത്സംഗം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ഭീകരവാദം തുടങ്ങിയ സാഹചര്യങ്ങളില്‍ കമ്പനിക്ക് ഉപയോക്താവിനെ തടയാന്‍ കഴിയുമെന്നും കേന്ദ്രം അറിയിച്ചു.