മലപ്പുറം: ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തിട്ടില്ലെന്ന വിധി വന്നാൽ മാത്രമേ ആശ്വസിക്കാൻ സാധിക്കുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.
ദുരുപയോഗം നടന്നിട്ടില്ലെന്നു പറയാത്ത സ്ഥിതിക്ക് ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ല. ലോകായുക്ത ഇന്ന് പരിഗണിച്ചത് സാങ്കേതികത്വം മാത്രമാണ്. വിവിധ ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നതാണ് പ്രശ്‍നം.
വളരെ സുതാര്യമായ രീതിയിൽ ഫണ്ടുകൾ വിനിയോഗിക്കാമായിരുന്നു എന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ ആ രീതിയിലല്ല നടന്നത്. ഒരുപാട് തകരാറുകൾ അതിലൊക്കെ വന്നിട്ടുണ്ടെന്നും ഈ ആരോപണങ്ങളാണ് പ്രധാനപ്പെട്ട വിഷയമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
