ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ നടപടിയാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്കാരത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. സഭയുടെ അന്തസ് കളഞ്ഞുകുളിക്കുന്ന പ്രമേയമാണിത്. ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേലയാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ വോട്ടുബാങ്ക് താത്പര്യമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നിയമസഭാ വേദിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാവുന്നത്. ലക്ഷദ്വീപിലെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ഭരണഘടനാ പരമായ ബാധ്യത നിറവേറ്റുന്ന അവിടത്തെ ഭരണകൂടത്തിനെതിരായിട്ട് ഒരു പ്രമേയം പാസാക്കുക, അത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചരണമാക്കുക. നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെ.. പവിത്രമായ നിയമസഭയെ ഇത്തരം സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങള് കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ വിള്ളുണ്ടാക്കുന്ന അപക്വമായ നടപടിയാണ്. എപ്പോഴും കേരള നിയമസഭയെ അപക്വമായ ഇത്തരം നടപടികളിലൂടെ പരിഹാസ്യമാക്കുകയാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം കൊടുക്കുന്നു എന്നുള്ളത് അങ്ങേയറ്റം ദുരൂഹമായ കാര്യമാണ്,” കെ സുരേന്ദ്രന് പറഞ്ഞു.
