കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് എ പ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് നഷ്ടമായി. കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 30 എന്നാണ് അധ്യാപകൻ രേഖപ്പെടുത്തിയത്.നാൽപ്പതിൽ നാൽപ്പതും കിട്ടിയ ധ്യാനിന് ഇതോടെ എ ഗ്രേഡായി. ബാക്കി 9 വിഷയങ്ങളിലും എ പ്ലസ് നേടിയ ധ്യാൻ ബയോളജി ഉത്തരക്കടലാസ് അപേക്ഷ നൽകി വാങ്ങുകയായിരുന്നു. ഇതോടെയാണ് മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി വ്യക്തമായതെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എളുപ്പമായിരുന്ന വിഷയത്തില്‍ എ പ്ലസ് കിട്ടുമെന്ന വിദ്യാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്നു. ഉത്തരക്കടലാസ് അപേക്ഷ നല്‍കി വാങ്ങിയതിന് പുറമെ പുനര്‍ മൂല്യ നിര്‍ണയത്തിനും അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയത്തില്‍ ബയോളജിക്കും എ പ്ലസ് ആയി മാറി. എന്തായാലും നഷ്ടമായ എ പ്ലസ് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണിപ്പോള്‍ വിദ്യാര്‍ത്ഥിയും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *