പാലക്കാട്: മധു വധക്കേസിൽ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കും. അപ്പീൽ പോകാതിരിക്കാൻ സമ്മർദം ഉണ്ടായിരുന്നു എന്നും ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത് എന്നും മധുവിൻ്റെ സഹോദരി സരസു പറഞ്ഞു.
കേസിൽ നിയമസഹായം തേടി മധുവിൻ്റെ കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സരസു വ്യക്തമാക്കി. മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും സരസു പറഞ്ഞു.
അട്ടപ്പാടിയിലെ മധു കൊലക്കേസിൽ രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരുന്നു. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ 34കാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങളായ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേർ അടങ്ങുന്ന സംഘം മധുവിനെ മർദിച്ച് കൊലപ്പെടുത്തിയത്.
