സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കടലില്‍ ബോട്ടുകള്‍ ഇറങ്ങും.

ഏതാണ്ട് 4200 ഓളം യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമാണ് ഇന്ന് പ്രതീക്ഷയോടെ കടലില്‍ ഇറങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ തൊഴിലാളികള്‍ ബോട്ടുകളില്‍ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ജി പി എസ് റഡാര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി കഴിഞ്ഞ് ബോട്ടില്‍ പിടിപ്പിക്കുകയും ചെയ്തു.

ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങി. തുറമുഖങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാന്‍ സഹായിക്കുന്ന തൊഴിലാളികള്‍, ഐസ് ഫാക്ടറി ജീവനക്കാര്‍, പലചരക്കുകടകള്‍, വലനിര്‍മാണ കമ്പനി ജീവനക്കാര്‍, മത്സ്യം തരംതിരിക്കുന്ന തൊഴിലാളികള്‍, കമ്മിഷന്‍ ഏജന്റുമാര്‍, ഡ്രൈവര്‍മാര്‍, പീലിങ് ഷെഡുകളിലെ തൊഴിലാളികള്‍ എന്നിങ്ങനെ തീരദേശം മുഴുവന്‍ ഉണര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *