കോഴിക്കോട്: സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തില്‍ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തില്‍ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിച്ചതാണ് രേഖാ പരാമര്‍ശം. സഹോദരന്‍ മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു എന്നും രേഖയില്‍ പറയുന്നു. സാമൂതിരിയുടെ ഉപസേനാധിപനായിരുന്നു അദ്ദേഹമെന്ന് കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിര്‍മ്മിച്ചവര്‍ അമ്പലത്തില്‍ നടത്തിയ ചില ഏര്‍പ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയില്‍ത്തന്നെയാണ് ഈ രേഖയുമുള്ളത്.

പുരാവസ്തു വകുപ്പിലെ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജാണ് ലിഖിതം പകര്‍ത്തിയത്. സാമൂതിരി മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന പഴയകാല ലിഖിതങ്ങളില്‍ രണ്ടാമത്തേതാണ് ആവള ലിഖിതം എന്ന് കൃഷ്ണരാജ് പറഞ്ഞു. ആദ്യത്തേത് പൊതുവര്‍ഷം 1102 ലെ കൊല്ലം രാമേശ്വരം ക്ഷേത്ര ലിഖിതമാണ്. ചേരപ്പെരുമാളായ രാമകുല ശേഖരന്റെ ഈ ലിഖിതത്തില്‍ ‘ഏറനാട് വാഴ്കൈ മാനവിക്കിരമനായിന പൂന്തുറൈക്കോന്‍’ എന്ന് അന്തരിച്ച ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. എസ്. നാരായണന്‍ ആ ലിഖിതം വായിച്ചിട്ടുണ്ടെന്നും കൃഷ്ണരാജ് പറഞ്ഞു.

‘മധ്യകാലഘട്ടത്തിന്റെ ആരംഭ നൂറ്റാണ്ടുകളില്‍ സാമൂതിരിമാരെ സംബന്ധിക്കുന്നലിഖിതങ്ങള്‍ വളരെ അപൂര്‍വമാണ്. ഏറനാടുടയവര്‍ എന്ന് പരാമര്‍ശിക്കപ്പെടുന്ന കുറച്ചു ലിഖിതങ്ങളുണ്ട്. മാനവിക്രമനെ രാജാവായി വിശേഷിപ്പിക്കുന്നതിനാല്‍ ആവള ലിഖിതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേരളോല്‍പ്പത്തിയില്‍ കാണപ്പെടുന്ന പരമ്പരാഗത വിവരണം ഒഴികെ, കോഴിക്കോട് സാമൂതിരി വംശത്തിന്റെ ആവിര്‍ഭാവം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഈ സന്ദര്‍ഭത്തില്‍, സാമൂതിരിമാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് മൂല്യവത്തായ ഒരു കൂട്ടിച്ചേര്‍ക്കലായി ആവള ലിഖിതത്തെ കണക്കാക്കാ’മെന്ന് സാമൂതിരി ചരിത്രം ആഴത്തില്‍ പഠിച്ചിട്ടുള്ള കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം പൊഫസര്‍ ഡോ. വി.വി. ഹരിദാസ് അഭിപ്രായപ്പെട്ടു.

പ്രശസ്ത ലിപി പണ്ഡിതനായ ഡോ. എം.ആര്‍. രാഘവവാരിയര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ലിഖിതങ്ങള്‍ പരിശോധിച്ചു. പുരാവസ്തു വകുപ്പിന്റെ പ്രസിദ്ധീകരണമായ കേരള ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ അടുത്ത ലക്കത്തില്‍ ഈ സുപ്രധാന ലിഖിതങ്ങളുടെ വിസ്തരിച്ചുള്ള പഠനം ഉള്‍പ്പെടുത്തുമെന്ന് പത്രികയുടെ ഓണററി എഡിറ്റര്‍ കൂടിയായ ഡോ. വാരിയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *