തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നലെ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചത്. പിന്മാറിയാല്‍ ഫണ്ട് ലഭിക്കില്ലെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് യോഗത്തില്‍ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചത്. ഇതോടെ, ഇന്നലെ പറഞ്ഞ വാക്കുകൾ ഇന്ന് അടൂര്‍ പ്രകാശ് തിരുത്തി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ തിരുത്ത്.
യോഗത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെ കക്ഷികളൊന്നും എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. പിഎം ശ്രീയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, യോഗത്തില്‍ പിഎം ശ്രീ ചര്‍ച്ചയായില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് തുറന്ന് പ്രതികരിച്ചത്. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വന്നശേഷമേ തീരുമാനമാകൂ. കേന്ദ്രം പറയുന്ന വ്യവസ്ഥകള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാകില്ല. വിഷയത്തില്‍ യുഡിഎഫിനും ലീഗിനും ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, പിഎം ശ്രീയില്‍ നിലപാട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. ഒപ്പിട്ടത് കഴിഞ്ഞ സര്‍ക്കാരാണെന്ന വാദം തന്നെയാണ് രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ചത്. അതേസമയം, പിഎം ശ്രീയില്‍ കേരളം പങ്കാളിയല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
പിഎം ശ്രീയില്‍ ഇനി പിന്നോട്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ യുഎഡിഎഫ് യോഗത്തിനുശേഷം അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് അറിയിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയാണിത്. കരാറില്‍നിന്ന് പിന്മാറാനാവില്ല. ഏതെല്ലാം വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കണമെന്ന കാര്യം യുഡിഎഫ് തീരുമാനിക്കും. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വന്നതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും അടൂര്‍ പ്രകാശ് അറിയിച്ചു.
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും, യുഡിഎഫ് യു ടേണ്‍ സര്‍ക്കാരായെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും വിമര്‍ശിച്ചു.
