പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. കൗണ്‍സിലര്‍മാരുടെ മൊഴിയും സിസി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പിക്ക് കൈമാറി. ചെയര്‍പേഴ്‌സണ് എതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടറാവും എടുക്കുക
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്നായിരുന്നു പരാതി. വിജിലന്‍സ് ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പന്‍ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സിന് വീണ്ടെടുക്കാനായത്.
ചെയര്‍പേഴ്‌സണിന്റെ ഓഫീസില്‍നിന്ന് കൗണ്‍സിലര്‍മാര്‍ കവറുമായി മടങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗണ്‍സിലര്‍മാര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. പണം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അജിത തങ്കപ്പന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പന്‍ ആവര്‍ത്തിക്കുന്നു.
വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കി. ഇടത് വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ അനിശ്ചിതകാല സമരവും തുടരുകയാണ്.
അതേസമയം, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണിന്റെ ഓഫീസ് പൂട്ടിയ സംഭവത്തില്‍ നിയമോപദേശം അജിത തങ്കപ്പന് അനുകൂലമെന്നാണ് സൂചന. ഓഫീസ് പൂട്ടാന്‍ നഗരസഭാ സെക്രട്ടറിക്ക് അധികാരമില്ല. സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണം മാത്രമാണ് സെക്രട്ടറിയുടെ ഉത്തരവാദിത്വം. ചെയര്‍പേഴ്‌സണ്‍ ഓഫീസിനകത്ത് കയറുന്നത് തടയാന്‍ സെക്രട്ടറിക്ക് അവകാശമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം.
പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് സംഘം തെളിവെടുപ്പിന് എത്തിയതിന് പിന്നാലെയായിരുന്നു ഓഫീസ് പൂട്ടി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പുറത്തു പോയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ദൃശ്യങ്ങള്‍ വിജിലന്‍സിന് വീണ്ടെടുക്കാനായത്. വിജിലന്‍സ് സംഘം മടങ്ങിയതിനു പിന്നാലെ നഗരസഭാ സെക്രട്ടറി കൃഷ്ണകുമാര്‍ ഓഫീസ് പൂട്ടി സീല്‍ വച്ചിരുന്നു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി എന്നായിരുന്നു സെക്രട്ടറി നല്‍കിയ വിശദീകരണം. നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ചതെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ആയിരുന്നു വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
