കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചതായി അറിയിച്ച് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വര്‍ഷത്തെ കോണ്‍കോണ്ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്നും ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും പറഞ്ഞ പ്രശാന്ത് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും ആരോപിച്ചു.

കെസി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പിഎസ് പ്രശാന്ത് ഉയര്‍ത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തകര്‍ച്ചയുടെ മൂല കാരണം കെസി വേണുഗോപാലാണെന്നും വേണുഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡിസിസി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെപിസിസി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രമോഷന്‍ നല്‍കി.

തന്നോടപ്പമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രശാന്ത് ആരോപിക്കുന്നു. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അപമാനിച്ചു. മാനസികമായി തകര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചെന്ന പാലോട് രവിയുടെ വാദം പച്ചക്കള്ളമാണ്. പാലോട് രവി കുമ്പിടിയാണ്. നല്ല അഭിനേതാവാണ്. ഓസ്‌കാറിന് അര്‍ഹതയുണ്ട്. തന്നെ തോല്‍പിക്കണമെന്ന് രവി പലരേയും വിളിച്ചു പറഞ്ഞു. പ്രശാന്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *