പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത് വഴി യുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

യുവാവിന്റെ ഡിഎന്‍എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു.സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കല്‍പ്പകഞ്ചേരി പോലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പോലീസാണ് തുടരന്വേഷണം നടത്തിയത്. യുവാവിന്റെ ആവശ്യപ്രകാരമാണ് ഡി എന്‍ എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി .തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം യുവാവിനെ ജയില്‍ മോചിതനാക്കി. തിരൂരങ്ങാടി തെന്നല സ്വദേശിയാണ് യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *