നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. താക്കീത്, ശാസന തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്നും നിയമസഭയില്‍ സ്പീക്കര്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കിയതാണെന്നും സ്പീക്കര്‍ വിശദീകരണം നല്കി. വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്, സോഫ്റ്റ്വെയറില് ചില തടസങ്ങള്‍ ഉണ്ട്. പ്രശ്നം സോഫ്റ്റ്വെയറിന്റെതാണെന്ന് വ്യക്തമായി. അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആയിരുന്നു ഇന്നലെ സ്പീക്കറുടെ ഇടപെടല്‍. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ആരോഗ്യമന്ത്രി സഭയില്‍ ഒരേ ഉത്തരം നല്‍കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ് എ.പി.അനില്‍കുമാറിന്റെ പരാതിയിലായിരുന്നു സ്പീക്കറുടെ ഇടപെടല്‍.
