കോഴിക്കോട് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആട്ടൂരിനെയാണ് കാണാതായത്. മുഹമ്മദിനെ കാണാനില്ലെന്ന ഭാര്യ റംലത്തിന്റെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് വിവിധ സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.ഇക്കഴിഞ്ഞ 21 നാണ് മുഹമ്മദിനെ കാണാതായത്. വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മുഹമ്മദ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുപത്തിരണ്ടാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്തോളി പറമ്പത്ത് വെച്ച് ഫോൺ സ്വിച്ച് ഓഫായതായി പൊലീസ് കണ്ടെത്തി. മുഹമ്മദ് ബിസിനസ് ആവശ്യത്തിനായി പലസ്ഥലങ്ങളിലും പോകാറുണ്ടെങ്കിലും യാത്രാവിവരങ്ങള്‍ കുടുംബത്തെ അറിയിക്കാറുണ്ടെന്നാണ് സഹോദരന്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ഇതുപോലെ സ്വിച്ച് ഓഫായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സഹോദരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *