പിഎം ശ്രീ കരാറില്‍ ഒപ്പിട്ടത് സംബന്ധിച്ച് ഇടതുമുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അതിനിടയില്‍ ഈ കാര്യത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തവും ജാഗ്രതക്കുറവുമൊന്നും സെന്റീമീറ്റര്‍ കണക്കിന് അളന്നുനോക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ധാരണാ പത്രം ഒപ്പുവെച്ച വിഷയം പരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി അതിന്റെ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിഎം ശ്രീയുമായി ബന്ധപ്പെട്ട് യാതൊരു അനന്തര നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നതാണ് നിലവിലെ ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറില്‍നിന്ന് പിന്മാറുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ യോഗം ചേരുന്നതോടെ വ്യക്തമാകുമെന്നും എം എ ബേബി പറഞ്ഞു. പിഎം ശ്രീ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനകള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും ബോബി പറഞ്ഞു. വി ഡി സതീശനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വീണുകിട്ടിയ സൗഭാഗ്യങ്ങളാണ്. ഡല്‍ഹിയില്‍ അദ്ദേഹത്തെയും നേതാക്കളെയും ഹൈക്കമാന്‍ഡ് വിളിച്ചുവരുത്തി ചിലകാര്യങ്ങളൊക്കെ പറഞ്ഞുവെന്ന കാര്യം നിങ്ങളൊക്കെ അറിഞ്ഞതല്ലേയെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം അത് അംഗീകരിച്ച് കഴിഞ്ഞു. ഇടതുമുന്നണിയും അംഗീകരിച്ചു. സിപിഐയിലെ നേതാക്കള്‍ തന്റെ ഉറ്റസുഹൃത്തുക്കളാണ്. രാഷ്ട്രീയ ഭേദമന്യേ സൗഹൃദമുള്ളയാളാണ് താന്‍. എന്നാല്‍, സിപിഐയിലെ സഖാക്കള്‍ സഹോദരങ്ങളെപ്പോലെയാണ്.
പ്രത്യേക സാഹചര്യത്തില്‍ സംസാരിക്കുന്നതിനിടയ്ക്ക് ചില വാചകങ്ങള്‍ വായില്‍നിന്ന് വീണ് പോയിട്ടുണ്ടാകാം. അതിന് ആ അര്‍ഥമേയുള്ളു എന്ന് മനസിലാക്കാന്‍ അവര്‍ക്കും എനിക്കും സാധിക്കും.’
