കേരളത്തിൽ 44 പേര്‍ക്ക് കൂടി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശ്ശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതോടെ 107 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ആകെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 41 പേരാണ്. 52 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ 14 പേരാണ്.
അതേസമയം രാജസ്ഥാനിലെ ഉദയ്പുറില്‍ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ സ്ഥരീകരിച്ച 73-കാരനായ വ്യക്തിക്ക് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

മഹാരാഷ്ട്രയിലായിരുന്നു രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. നൈജീരിയില്‍ നിന്നെത്തിയ 52-കാരന്‍ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *