ഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR). ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരില്‍ മൂന്നാമന്‍ പിണറായി വിജയനാണ്. 1.18 കോടിയാണ് ആസ്തി.
10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും നാമനിര്‍ദേശ പത്രികകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
1,18,75,766 കോടി രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തിയായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടികയില്‍ ഏറ്റവും കുറവ് ആസ്തിയുള്ളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ്. 15 ലക്ഷം രൂപയാണ് മമതയുടെ ആസ്തി. 55 ലക്ഷം രൂപ ആസ്തിയുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരില്‍ രണ്ടാമത്. സമ്പന്നരില്‍ രണ്ടാമത് അരുണാചല്‍ പ്രദേശിന്റെ പേമ ഖണ്ഡുവിനാണ്. 332 കോടിയുടെ സ്വത്തുക്കള്‍ ഖണ്ഡുവിനുണ്ട്. അതോടൊപ്പം 180 കോടിയുടെ ബാധ്യതയും അരുണാചല്‍ മുഖ്യമന്ത്രിക്കുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സമ്പന്നരില്‍ മൂന്നാമത്. സിദ്ധരാമയ്യക്ക് 23 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.