അങ്കോല: കര്‍ണാകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലില്‍ കരയില്‍ ലോറി കണ്ടെത്താന്‍ സാധിച്ചില്ല. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തില്‍ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചില്‍.അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയം.
ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചില്‍ തുടരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാപ്രവര്‍ത്തനം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. അതേസമയം, സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും.
