ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിന്റെ വിധി ഇന്ന്. സംഭവം നടന്ന് 14 വ‍ർഷത്തിന് ശേഷമാണ് കൊല്ലത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രതിയായകേസിന്റെ വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി രാഭഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെയാണ് വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.19 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ ഒരു പ്രതി മരിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവർ പ്രതികളാണ്. മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗമായ മാർക്സണും പ്രതികളാണ്. 2019ലാണ് സിബിഐ കുറ്റപത്രം നൽകിയത്. 126 സാക്ഷികളുണ്ടായിരുന്ന കേസിൽ സിപിഎം പ്രവർത്തകരായ സാക്ഷികള്‍ കൂറുമാറി. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയായ വിസ്തരിച്ച ഡിവൈഎസ്പി വിനോദ് കുമാർ മൊഴി നൽകിയതും വിവാദമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *