കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന് റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഫാ. റോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായി അദ്ദേഹത്തിനു ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും .
ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന് വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും റോബിന് വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന് വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകന് അലക്സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016ലാണ് പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പള്ളിയിൽ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എൻട്രി ജോലികളും ചെയ്തിരുന്ന പെൺകുട്ടിയെ, ഇയാൾ കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.
