മേപ്പാടി: ഉരുള്‍പൊട്ടല്‍ കനത്ത ദുരന്തം വിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ജനകീയ തിരച്ചില്‍ തുടങ്ങി. ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ട് മണിയോടെ തിരച്ചില്‍ തുടങ്ങി.
ആറ് സോണുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്ത ശേഷമാണ് തിരച്ചിലിനായി ആളുകളെ ദുരന്തമേഖലയിലേക്ക് വിടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ തിരച്ചില്‍ നടന്നിരുന്നില്ല. ഉരുള്‍പൊട്ടലില്‍ പെട്ട 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ഇന്നലെ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും എയര്‍ലിഫ്റ്റിലൂടെ പുറത്തെടുത്തിരുന്നു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ അന്ന് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ, ഔദ്യോഗിക കണക്കുകളില്‍ മരണം 229 ആയി. 400ലേറെ പേര് മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.