ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022ലെ സിനിമകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോന്‍ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്‌സ്പ്രസ്) എന്നിവര്‍ മികച്ച നടിമാര്‍. ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.
മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്‌ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ കിഷോര്‍ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം മര്‍മേഴ്‌സ് ഓഫ് ജംഗിള്‍. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് ബനഡിക്ട്) ലഭിച്ചു. മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. മികച്ച കന്നഡ സിനിമ കെജിഎഫ് ചാപ്റ്റര്‍ 2. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌ക്കാരം പൊന്നിയന്‍ സെല്‍വന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുല്‍മോഹറാണ്. മികച്ച സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനാണ്. ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീയ്ക്ക് (സൗദി വെള്ളക്ക) ലഭിച്ചു.
ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളില്‍ ആണ് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നടന്നത്. ഫീച്ചര്‍ വിഭാഗത്തില്‍ 32 ഭാഷകളിലായി 130 എന്‍ട്രികളാണ് പുരസ്‌ക്കാരത്തിന് പരിഗണിച്ചത്.
