കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍ നിന്നും ഇഎംഐ പിടിച്ച കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്‍പ്പറ്റ റീജിയണല്‍ ഓഫിസിലേക്ക് നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബാങ്കിന് അകത്തേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്
യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തിയത്. സഹായധനം കയ്യിട്ടുവാരിയ ബാങ്കിന്റെ നടപടി ക്രൂരമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മിനിമോളുടെ ധനസഹായത്തില്‍ നിന്നും പിടിച്ച ഇഎംഐ തിരിച്ചു നല്‍കിയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റു ദുരന്തബാധിതരുടെ ബാങ്ക് വായ്പകളുടെ പണം പിടിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വേണമെന്നും, ഇഎംഐ പിടിച്ച നടപടിയില്‍ ബാങ്ക് പരസ്യമായി മാപ്പു പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
