തിരുവനന്തപുരം: സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എം.മുകേഷ് എംഎല്‍.എക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം.
ആരോപണം നേരിടുന്ന എം.എല്‍.എമാര്‍ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വാദം. ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.
പ്രതിപക്ഷത്തുള്ള എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ രാജി വെച്ചിട്ടില്ല. ജോസ് തെറ്റയില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ സമാനമായ രീതിയിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. അന്ന് ജോസ് തെറ്റയിലും എം.എല്‍.എ സ്ഥാനം രാജി വെച്ചിട്ടില്ലെന്നും പറഞ്ഞാണ് സി.പി.എം മുകേഷിന് സംരക്ഷണം ഒരുക്കിയത്.
കാസ്റ്റിംഗ് ഡയറക്ടര്‍ ആയ ടെസ് ജോസഫ് 2018ല്‍ ഉയര്‍ത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയര്‍ന്നുവന്നത്. തൊട്ടുപിന്നാലെ നടന്‍ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീറും തുറന്ന് പറഞ്ഞതോടെ എം.എല്‍.എ കൂടുതല്‍ കുരുക്കിലാകുകയായിരുന്നു.