നാളെ പി.എസ്.സി റാങ്ക് ലിസ്റ്റ് പട്ടികകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സ്റ്റാഫ് നഴ്സ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ കടക്കുമെന്നാണ് സൂചന.
പ്രളയ, കൊവിഡ് കാലഘട്ടങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, ഇക്കാരണത്താല്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. വനിതകളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും, സര്‍ക്കാര്‍ ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും വനിതാ സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
അതിനിടെ, എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്സി സമര്‍പ്പിച്ച നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎസ് സി ഹൈക്കോടതിയെ സമീപിച്ചത്. പട്ടിക നീട്ടുന്നതിനാവശ്യമായ ഉചിതമായ കാരണങ്ങളില്ല. ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്നും പിഎസ് സി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ എല്ലാ ജില്ലയിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ടെന്നുമാണ് പിഎസ്സിയുടെ വാദം.
വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാകും. കൊവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്സി ചൂണ്ടിക്കാട്ടുന്നു. നാളെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടാനായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.
അതിനിടെ റാങ്ക് പട്ടികയിലുള്ള അവസാനത്തെ ആള്‍ക്കുവരെ നിയമനം നല്കുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും സര്‍ക്കാറിന് ഇടപെടാന്‍ പരിമിതി ഉണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമ സഭയില്‍ വ്യക്തമാക്കിയതോടെ ഓഗസ്റ്റ് നാലിനു റദ്ദാകുന്ന പി.എസ്.സി.യുടെ 492 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
കാലാവധി നീട്ടാന്‍ സര്‍ക്കാരില്‍നിന്ന് ശുപാര്‍ശയുണ്ടാകാത്ത സാഹചര്യത്തില്‍ റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ പിഎസ്സി. യോഗത്തിലും തീരുമാനമായിട്ടുണ്ട്. എല്‍ഡി ക്ലാര്‍ക്ക്, ഡ്രൈവര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങി റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.