ഹരിയാനയിലെ ഫരീദാബാദില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയെ പശുക്കടത്തുകാരനെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ച് കൊന്നു. ആര്യന്‍ മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്.

ന്യൂഡില്‍സ് കഴിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യന്‍ മിശ്ര കൊല്ലപ്പെട്ടത്. 30 കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്നെത്തിയാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്.

രണ്ട് വാഹനങ്ങളിലായി ചിലര്‍ ഫരീദാബാദില്‍നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി അക്രമികള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. വാഹനങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ ഇതുവഴി സുഹൃത്തുക്കളായ ഷാങ്കി, ഹര്‍ഷിത്ത് എന്നിവരോടൊപ്പം ആര്യന്‍ മിശ്ര കാറിലെത്തി.

നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വാഹനം നിര്‍ത്താതെ പോയി. ഇതോടെ അക്രമികള്‍ ഇവരെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് അക്രമികള്‍ ആര്യന്റെ കാറിനുനേര്‍ക്ക് വെടിവെപ്പ് നടത്തി. ആര്യന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് അക്രമികള്‍ ഒളിവിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *