തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
ലോക്‌സഭയിൽ നടക്കുന്ന മൺസൂൺ സെഷനിൽ, തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശം ഉണ്ടോയെന്ന് ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ എംപിയായ ടി ആര്‍ പരിവേന്ദറും ചോദ്യമുന്നയിച്ചിരുന്നു . ഇത്തരത്തിൽ വിഭജിക്കാൻ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റിൽ ചോദിച്ചിരുന്നു. . ഇത്തരത്തിൽ ഒരു വിഭജനത്തിന്റെ കാരണങ്ങള്‍, ഉദ്ദേശം, ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും ഇരുവരും ചോദിച്ചു.
ഈ ചോദ്യങ്ങൾക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. പുതിയ സംസ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കാലാകാലങ്ങളിൽ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഒരു പുതിയ സംസ്ഥാനത്തിന്റെ രൂപീകരിക്കുന്നതിലൂടെ അനന്തരഫലങ്ങളും നമ്മുടെ രാജ്യത്തെ ഫെഡറൽ രാഷ്ട്രീയത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രസക്തമായ എല്ലാ ഘടകങ്ങളേയും കണക്കിലെടുത്തതിന് ശേഷം മാത്രമേ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ കടക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, നിലവിൽ അത്തരത്തിൽ ഒരു നിര്‍ദ്ദേശവും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, തമിഴ്നാട് വിഭജനത്തെ സംബന്ധിച്ച് കിംവദന്തിക്ക് വിരാമമായി