കാസര്‍കോട്: മടിക്കൈ പൂത്താക്കാലയില്‍ ഗൃഹനാഥന് ജീവനൊടുക്കി. ഭാര്യയും മക്കളും വിഷം കഴിച്ച നിലയില്‍. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന് (54) ആണ് മരിച്ചത്. വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാല്‍ (16) എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന ലക്ഷ്മിയും മക്കളും വയറുവേദനയെത്തുടര്‍ന്ന് നിലവിളിച്ചപ്പോഴാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗൃഹനാഥനെ വീടിനു സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.