തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ഡോ.ഹുസൈന്‍ മടവൂര്‍ കേന്ദ്ര മൈനോരിറ്റി കമ്മീഷനോട് ആവശ്യപ്പെട്ടു. കേന്ദ്ര മൈനോരിറ്റി കമ്മീഷന്‍ അംഗം റിന്‍ചെന്‍ ലാമൊ വിവിധ ന്യൂനപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശകളേറെയും നടപ്പിലാവാതെ കിടക്കുന്നു.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ഫണ്ടുകള്‍ വെട്ടിക്കുറച്ചു , സ്‌കോളര്‍ഷിപ്പുകളില്‍ ഗണ്യമായ കുറവുവരുത്തി. മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള സഹായങ്ങളും മുന്‍പത്തെ പോലെ ഇപ്പോള്‍ ലഭിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഓരോ സംസ്ഥാനത്തും പ്രതിനിധികളുണ്ടാവണമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുന്‍ സംസ്ഥാന തല കോ-ഓഡിനേറ്റര്‍കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ പരിഗണയിലുള്ള വഖഫ് ഭേദഗതി നിയമം മുസ്ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യന്റെ നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്നും അതില്‍ നിന്ന് സര്‍ക്കാറിനെ പിന്‍തിരിപ്പിക്കാന്‍ കമ്മീഷന്‍ വേണ്ടത് ചെയ്യണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചാസംഗമത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് തുടങ്ങി വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളും സംസ്ഥാന ന്യൂനപക്ഷ ഡയരക്ടറേറ്റ്, സംസ്ഥാന ന്യൂന പക്ഷ കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കെ. എന്‍. എം തിരുവനന്തപുരം ജില്ലാ സെക്രട്ടരി അല്‍ അമീന്‍ ബീമാപള്ളി യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *