കോഴിക്കോട് ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ അബൂ എബ്രഹാം ലൂക്ക് സ്വന്തം നാട്ടിലും താൻ ഡോക്ടർ ആണെന്ന് പറഞ്ഞാണ് പരിചയപെടുത്താറുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പടുത്തൽ. ഇയാളുടെ സഹോദരനും അദ്ദേഹത്തിൻറെ ഭാര്യയും ഡോക്ടർമാരാണ്.
ഇരുവരും ഇപ്പോൾ പാലക്കാടാണ് താമസം. അബുവിന്റെ പിതാവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു, ശേഷം സഹോദരനും ഭാര്യയ്ക്കും ഒപ്പം പാലക്കാടാണ് മാതാവ് ഇപ്പോൾ താമസിക്കുന്നത്. ഇവരുടെ തിരുവല്ല പെരിങ്ങരയിലെ വീട് പൂട്ടിയ നിലയിലാണ്.

രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്കിനെ സ്ഥിരമായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര്‍എംഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് എത്തിയതെന്ന് ടി എം എച്ച് ആശുപത്രി മാനേജർ മനോജ് പാലക്കൽ ട്വന്റി ഫോറിനോട് പറഞ്ഞു.

ജോലിയില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കി. അബു പി. സേവ്യര്‍ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് രണ്ട് പേരുണ്ടെന്നാണ് ഇയാൾ മറുപടി നല്‍കിയത്. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോഴും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും മനോജ് പറയുന്നു.

പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാര്‍ത്ഥ രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചതും എംബിബിഎസ് പാസ്സായില്ല എന്ന് മനസ്സിലായതും. ഇതേ തുടര്‍ന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി ഇയാള്‍ അവധി എടുത്ത് പോകാറുണ്ടായിരുന്നു പ്രതിക്കെതിരെ പൊലിസിൽ പരാതി നൽകിയെന്നും ആശുപത്രി മാനേജർ മനോജ് പാലക്കൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *