കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും റിയാസ് പറഞ്ഞു. സ്വര്‍ണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മുഹമ്മദ് റിയാസിന്റെ മറുപടി.
‘മുഖ്യമന്ത്രിയായാലും എല്‍ഡിഎഫ് ആയാലും എല്‍ഡിഎഫ് ഭരിച്ച സര്‍ക്കാരായാലും മലപ്പുറത്തിന്റെ വികസനത്തിനായി വലിയ നിലയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പശ്ചാലത്തല സൗകര്യവികസനം പരിശോധിച്ചാല്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം ജില്ലയില്‍ പുരോഗമിക്കുകയാണ്. തീരദേശ ഹൈവേ നിര്‍മ്മാണം മറ്റു ജില്ലകള്‍ക്ക് മാതൃകയാക്കാവുന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ചിലയിടങ്ങളില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്. എന്‍എച്ച് 66ന്റെ പ്രവൃത്തി ഏറ്റവും വേഗത്തില്‍ നടക്കുന്നതും മലപ്പുറത്താണ്. ഓരോ വകുപ്പും പരിശോധിച്ചാല്‍ എട്ടുവര്‍ഷത്തിനിടെ ഒട്ടേറെ കാര്യങ്ങള്‍ മലപ്പുറം ജില്ലയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയെ ബിജെപിയോട് താത്പര്യമുള്ളയാളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയെ വിശ്വാസമാണ്. ബിജെപിക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കും എന്നത് ബിജെപി വിരുദ്ധ മനസുകളിലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളിലും ഒരു പോസ്റ്റര്‍ പോലെ പതിഞ്ഞിട്ടുണ്ട്. അതിനെ പൊളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’- മുഹമ്മദ് റിയാസ് ആരോപിച്ചു.