ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി രൂപീകരിച്ച ‘ഫൈൻ്റ് അർജ്ജുൻ’ എന്ന പേരിലുള്ള ആക്ഷൻ കമ്മറ്റി പിരിച്ചു വിട്ടെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം കുടുംബം ആക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്ന് ഇന്നലെ ഫൈൻ്റ് അർജുൻ ആക്ഷൻ കമ്മിറ്റി കൺവീനർ നൗഷാദ് തെക്കയിൽ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന് ശേഷമാണെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ആക്ഷൻ കമ്മിറ്റി ഒരു പണപിരിവും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാൻ തയ്യാറാണെന്നും നൗഷാദ് പ്രതികരിച്ചു. മനാഫിനെതിരായ ആരോപണങ്ങളിൽ മനാഫ് തന്നെ പ്രതികരിക്കുമെന്നും നൗഷാദ് പറഞ്ഞിരുന്നു. അതേസമയം, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി അറിയിച്ചു. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐ ആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *