കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി കെ. മുരളീധരനെ ഹൈക്കമാന്‍ഡ് നിയമിച്ചു. രണ്ടാംതവണയാണ് മുരളീധരന് കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരൻ ആയിരുന്നു പ്രചാരണസമിതി ചെയര്മാന്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത് . അന്നത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നതടക്കമുള്ള വിമര്‍ശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന് നേമത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം നടന്ന പുനഃസംഘടനയില്‍ മുരളീധരന്റെ പേര് പലവട്ടം ഉയര്‍ന്നുവന്നെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.
യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തേക്കും ഒരുഘട്ടത്തില്‍ മുരളീധരനെ പരിഗണിച്ചിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകളും സംസ്ഥാനത്തെ പി.സി.സി. നേതൃത്വവും മുരളീധരന് വരുന്നതിനോട് യോജിച്ചിരുന്നില്ല.