വാര്‍ത്താ സമ്മേളനത്തിനിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് റാഫി പുതിയ കടവ്. അസഭ്യം പറഞ്ഞതില്‍ വിഷമമുണ്ടെന്നും തങ്ങള്‍ ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുഈനലി തങ്ങള്‍ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് വാര്‍ത്ത സമ്മേളനത്തില്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞത്. കെ ടി ജലീലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് ഇപ്പോഴും മുഈനലി തങ്ങള്‍. ജലീലുമായുള്ള ബന്ധം ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കുറച്ചു നാളുകളായി മുഈനലി തങ്ങള്‍ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങളിലായിരുന്നു.’

കെടി ജലീലിന്റെ ആരോപണത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി രംഗത്തെത്തിയതോടെയാണ് റാഫിയുടെ ഭീഷണി.

ഇന്നലെ ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിമർശിക്കാൻ താനാരാണെന്നും ചന്ദ്രികയിലെ പ്രശ്നങ്ങൾ പറയാൻ വന്നാൽ അതു പറഞ്ഞിട്ടു പോകണമെന്നും റാഫി പുതിയകടവ് പറഞ്ഞു.ബഹളമായതോടെ വാർത്താസമ്മേളനം പൂർത്തിയാക്കാതെ ലീഗ് നേതാക്കൾ മടങ്ങി. ഇഡി നോട്ടിസ് അയച്ച സംഭവത്തിൽ വിശദീകരണം നൽകാനാണ് മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസിൽ വാർത്താസമ്മേളനം വിളിച്ചത്.

”കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ.പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്ലെസ്.” എന്നും റാഫി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *