ഇന്ത്യ കിരീടമണിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ താന്‍ കളിക്കേണ്ടതായിരുന്നുവെന്നും അവസാന നിമിഷമാണ് തന്നെ ഒഴിവാക്കിയതെന്നും സഞ്ജു സാംസൺ. ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ പറഞ്ഞ ശേഷം ടോസിന് തൊട്ടുമുമ്പ് ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നുവെന്നും സഞ്ജു കായിക മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന് അനുവദിച്ച യൂട്യൂബ് അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. കാറപകടത്തില്‍ പരിക്കേറ്റ ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയ ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയതാണ് അന്ന് സഞ്ജുവിന് തിരിച്ചടിയായത്. സന്നാഹ മത്സരത്തില്‍ തിളങ്ങിയ പന്ത് ടൂര്‍ണമെന്റിലുടനീളം ആദ്യ ഇലവനില്‍ ഇടംപിടിക്കുകയായിരുന്നു.

”ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ എനിക്ക് അവസരമുണ്ടായിരുന്നു. തയ്യാറായി നില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഞാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ടോസിനു തൊട്ടുമുമ്പാണ് മുന്‍ മത്സരങ്ങള്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. സാരമില്ല, എന്താണെങ്കിലും കുഴപ്പമിച്ച എന്ന മൂഡിലായിരുന്നു ഞാന്‍.” – സഞ്ജു പറഞ്ഞു.

കളിക്കാന്‍ തയ്യാറെടുക്കാന്‍ പറഞ്ഞ ശേഷം അവസാന നിമിഷം മാറ്റിയ കാര്യം തന്നെ അറിയിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണെന്നും സഞ്ജു പറഞ്ഞു.

”വാം അപ്പിനിടെ രോഹിത് എന്നെ ഒരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് എന്തുകൊണ്ട് അത്തരമൊരു തീരുമാനം എടുത്തതെന്ന കാര്യം വിശദീകരിക്കാന്‍ തുടങ്ങി. നിനക്ക് മനസിലാകുമല്ലോ അങ്ങനെ അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ പറഞ്ഞു തുടങ്ങി. നമുക്ക് ആദ്യം മത്സരം ജയിക്കാം, എന്നിട്ട് സംസാരിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. എന്റെ അടുത്തു നിന്ന് പോയി ഒരു മിനിറ്റിനു ശേഷം അദ്ദേഹം തിരികെയെത്തി. എനിക്കറിയാം മനസില്‍ നീ എന്നെ ശപിക്കുന്നുണ്ടെന്ന്. നീ സന്തോഷവാനല്ലെന്നും തോന്നുന്നുണ്ട്. എന്തോ നിന്റെ മനസിലുണ്ടെന്ന് തോന്നുന്നു. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ ചെറിയ ചര്‍ച്ച നടന്നു. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് കളിക്കണമായിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.” – സഞ്ജു വ്യക്തമാക്കി.

ലോകകപ്പ് ഫൈനല്‍ പോലെ വലിയ സമ്മര്‍ദം നിറഞ്ഞൊരു മത്സരത്തിനു മുമ്പ് തന്നെ ഒഴിവാക്കുന്ന കാര്യം വിശദീകരിക്കാന്‍ രോഹിത് ശര്‍മ 10 മിനിറ്റോളമാണ് തനിക്കൊപ്പം ചിലവഴിച്ചതെന്നും സഞ്ജു പറഞ്ഞു. അതിനു ശേഷമാണ് അദ്ദേഹം ടോസിനായി പോയത്. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിന് തന്റെ ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ടായെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *