പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരിച്ച് നവീന്റെ ഭാര്യ മഞ്ജുഷ. വിധിയില്‍ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദിവ്യയെ ഇതിനോടകം അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഇതുവരെയുണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ അത്തരത്തില്‍ പരാമര്‍ശം നടത്തരുതെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഇടപെടമായിരുന്നു. പ്രാദേശിക ചാനലിലെ വിളിച്ച് വരുത്തി വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കളക്ടര്‍ ഇടപെട്ടില്ല. യാത്രയയപ്പ് വേദിയില്‍ പറയരുതെന്ന് പറഞ്ഞ് വിലക്കമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

റവന്യു വകുപ്പില്‍ ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യുന്ന ആളാണ് നവീന്‍ ബാബു. തന്റെ ഭര്‍ത്താവായതുകൊണ്ട് പറയുന്നതല്ല. താനിപ്പോള്‍ കോന്നി തഹസില്‍ദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാറുണ്ട്. ഏത് മേലുദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിയാം. ദിവ്യ ഐഎഎസും പിബി നൂഹ് ഐഎസും ഉള്‍പ്പെടെ അതുകൊണ്ടാല്ലോ അത്തരത്തില്‍ അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നല്‍കുന്നയാളാണ്. പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *