തൊഴിലാളികളെ ട്രാക്കിൽ കണ്ടതും ട്രെയിൻ നിർത്താതെ ഹോണടിച്ചിരുന്നതായി ഇന്നലയുണ്ടായ ഷൊർണൂർ ട്രെയിൻ അപകടത്തിന്റെ ദൃക്സാക്ഷി അൽഫാസ്. എന്നാൽ തൊഴിലാളികൾ ട്രെയിനിന് മുന്നിൽ‌ അന്തിച്ചു നിൽക്കുന്നതാണ് കണ്ടതെന്നും അവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്നും അൽഫാസ് വ്യക്തമാക്കി. ഇന്നലെയാണ് ഷൊർണൂരിൽ കേരള എക്സപ്രസ് തട്ടി നാല്(ഒരാൾക്കായി തിരച്ചിൽ) ശുചീകരണ തൊഴിലാളികൾ മരിച്ചത്.ട്രാക്കിലേക്ക് കയറുമ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്ന് ഷൊർണൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാളത്തിൻ്റെ നടുവിൽ എത്തിയപ്പോഴാണ് സിഗ്നൽ വന്നത്. അപ്പോഴേക്കും ട്രെയിന്‍ വന്നു കഴിഞ്ഞിരുന്നു. നല്ല വേഗതയിലായിരുന്നു ട്രെയിനെത്തിയത്. അതുകൊണ്ട് 4 പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റ് 6 പേർ പാളത്തിൻ്റെ ഒരു ഭാഗത്തുള്ള സേഫ്റ്റി പോയിൻ്റിൻ കയറി നിന്നുവെന്നും ശക്തിവേല്‍ പറഞ്ഞു. 10 തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്.ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്നുപേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ സ്കൂബ ടീം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസെടുക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *