തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടര്‍മാരുടെ സംഘമാണ് കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഏത് കളനാശിനി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.

നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. വിഷം ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ അരുണ കോടതിയില്‍ വിശദീകരിച്ചു.

2022 ഒക്ടോബര്‍ 14-നാണ് ഗ്രീഷ്മ ആണ്‍സുഹൃത്തായ ഷാരോണ്‍രാജിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. വിഷം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് മനസിലാക്കി. ഗ്രീഷ്മ വിഷത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *