ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദർബാർ ഹാളിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയിൽ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി നടക്കു. ചരിത്രത്തിൽ ആദ്യമായി കായികമേളയിൽ പങ്കെടുക്കാൻ എത്തിയ പ്രവാസി വിദ്യാർത്ഥികളെയും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും രാവിലെ 9 മണിയോടെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവർത്തനമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *