എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 1905 പോയിന്റോടെ തിരുവനന്തപുരം ഓവറോള്‍ കിരീടം ഉറപ്പിച്ചു. തൃശൂരും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അത്‌ലറ്റിക്‌സില്‍ നാലാം ദിനത്തിലും മലപ്പുറം മുന്നേറ്റം തുടരുകയാണ്. പാലക്കാടാണ് തൊട്ടുപിന്നില്‍.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസിലിനെ പിന്തള്ളി കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ ഐഡിയല്‍ കടകശ്ശേരി ഒന്നാമതെത്തി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ സര്‍വാന്‍ കെ.സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഉച്ചകഴിഞ്ഞ് 16 ഫൈനലുകള്‍ കൂടി നടക്കും.

നാലാം ദിനത്തില്‍ പാലക്കാടിന്റെ അമൃത് ട്രിപ്പിള്‍ സ്വര്‍ണം നേടി. നേരത്തെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം നേടിയ അമൃത് ഇന്ന് രാവിലെ നടന്ന 1500 മീറ്ററില്‍ കൂടി സ്വര്‍ണം നേടിയതോടെയാണ് മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തം പേരില്‍ ആക്കിയത്. കല്ലടി ജിഎച്എസ്എസിലെ വിദ്യാര്‍ഥിയായ അമൃതിന്റെ പരിശീലകന്‍ നവാസാണ്.

Leave a Reply

Your email address will not be published. Required fields are marked *