സീപ്ലെയിന്‍ പദ്ധതി മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്.ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നും സംയുക്ത പരിശോധനയിൽ വനം വകുപ്പ് അറിയിച്ചു. പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ലെങ്കിലും തുടർന്നുള്ള ലാൻഡിംഗിന് മുൻപ് വിശദമായ പഠനം വേണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചു.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകും.കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.