തള്ളിപ്പറമ്പ്: തള്ളിപ്പറമ്പ് തിരുവട്ടൂരില്‍ പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂര്‍ സ്വദേശി മെഹ്റൂഫ് (27)ന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. മണല്‍ വാരുന്നതിനിടെ പൊലീസ് ഓടിച്ചതിനെ തുടര്‍ന്നാണ് മെഹ്റൂഫ് പുഴയില്‍ വീണതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ലോറി ഡ്രൈവറായ മെഹ്റൂഫും കൂട്ടുകാരും രാത്രി മണല്‍ വാരുന്നതിനിടെയാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ മെഹ്റൂഫ് പുഴയില്‍ വീണെന്നും തിരച്ചില്‍ നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഇന്ന് ഉച്ചക്ക് 12.30നാണ് മെഹ്റൂഫിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. മെഹ്റൂഫിനെ കാണാനില്ലെന്ന പരാതി ഇന്നാണ് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.