കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്. പത്രിക സ്വീകരിക്കരുതെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയെ അയോഗ്യനാക്കിയുള്ള കോടതി വിധി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന ആവശ്യം എല്‍ഡിഎഫ് ഉന്നയിച്ചിരിക്കുന്നത്.

എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഷാജിയെ ആറ് വര്‍ഷത്തേക്കായിരുന്നു ഹൈക്കോടതി എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത്.ആ വിധി നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭയില്‍ പങ്കെടുക്കുന്നതിനുള്ള അനുവാദം മാത്രമാണ് ഷാജിക്ക് ഉള്ളതെന്നും ആണ് പത്രിക സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് തടസമുന്നയിക്കുന്നത്.

അതേസമയം, ദേവികുളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.

ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. യുഡിഎഫിന്റെ ഡി കുമാറും എല്‍ഡിഎഫിന്റെ എ രാജയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം എന്ന സ്ഥിതിയിലേക്ക് മാറും. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പിന്തുണക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ എന്‍ഡിഎ വോട്ടുകള്‍ എവിടേക്ക് എന്നത് ഒരു ചോദ്യമായി ഉയരും.

Leave a Reply

Your email address will not be published. Required fields are marked *