ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശം ശരിയായില്ലെന്ന് ഐഎംഎ. വീണാ ജോര്‍ജ് ചുമതലയേറ്റെടുത്തതിന് ശേഷമാണ് അക്രമങ്ങളെല്ലാം നടന്നത്.പ്രതികൾക്കെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ വാക്‌സിനേഷനടക്കം നിര്‍ത്തിവെക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
ആരോഗ്യപ്രവ൪ത്തക൪ക്കെതിരായ അതിക്രമങ്ങളിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎ൦എ ആലുവ എസ് പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. അക്രമത്തിൽ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാൻ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികൾ പ്രതികരിച്ചു.

അതേസമയം നിയമസഭയിലെ ഉത്തരം ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുത്തി. ഡോക്ടർമാർക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു.
അതേസമയം ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞ ഉത്തരം തിരുത്തി പുതിയ മറുപടി മേശപ്പുറത്ത് വെച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന പുതുക്കിയ മറുപടി ആരോഗ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചത്.

മറുപടിയില്‍ സാങ്കേതിക പിഴവുണ്ടായെന്നും സെഷന്‍ ഓഫീസില്‍ വന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മന്ത്രിയുടെ മറുപടി വലിയ വിവാദമായിരുന്നു. ആഗസ്റ്റ് നാലിന് രേഖാമൂലം നല്‍കിയ മറുപടിയിലായിരുന്നു വിവാദ പരാമര്‍ശം ഉള്‍പ്പെട്ടത്.

ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയ ഉത്തരവും പിന്നാലെയിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *