പത്തനംതിട്ട: കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന്‍ പറഞ്ഞു.

‘ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചത്. പ്രത്യേക അന്വേഷണ സംഘം പൂര്‍ണമായിട്ടും ദിവ്യയെയും കലക്ടറെയും സംരക്ഷിക്കുന്ന നിലയിലാണ് അന്വേഷണം നടത്തിയത്. എല്ലാ തെളിവുകളും നശിപ്പിക്കാനാവശ്യമായ അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തിയത്. ഞങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തൊടപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ നാടകമാടുകയാണ് സിപിഎം ചെയ്തത്. പത്തനംതിട്ടയിലെ സിപിഎം നേതൃത്വും ഇവിടുത്തെ പ്രാദേശിക നേതൃത്വവും ഈ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന പ്രതീതി നടത്താനാണ് ശ്രമിച്ചത്. പിണറായിയുയും എംവി ഗോവിന്ദനും കണ്ണുര്‍ പാര്‍ട്ടി ഘടകവും ആദ്യം മുതലേ കൊലയാളികള്‍ക്കൊപ്പമാണ് നിന്നത്. പിപി ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് അവര്‍ എടുത്തത്’

Leave a Reply

Your email address will not be published. Required fields are marked *