സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഎഫ്എഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ഊഷ്മള സ്വീകരണം. ടൂറിംഗ് ടാക്കീസിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ മലയാള സിനിമ ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിച്ചു. പ്രദർശന പരിപാടിയിൽ സംവിധായകൻ പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. നടിയും മോഡലുമായ റിയ ഇഷ മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ചന്ദ്രൻ മാസ്റ്റർ, മലബാർ ദേവസ്വം ബോർഡ് അംഗം
പ്രജീഷ് തിരുത്തിയിൽ, കെ ജെ തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി മേഖല കോർഡിനേറ്റർ നവീന വിജയൻ സ്വാഗതവും മിഥുൻ രാജ് നന്ദിയും പറഞ്ഞു. ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലചിത്രമേള അരങ്ങേറുക.