തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌ക്രീനിങ് കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഈയിടെ ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. യുപിഎസ്സി ആണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക.

ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ നിലവില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

നിലവില്‍ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങള്‍ മാത്രമാണ്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ അജിത്കുമാര്‍ നേരിട്ടിട്ടില്ല. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. അതിനാല്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ അജിത്കുമാറിന് വെല്ലുവിളികള്‍ ഉണ്ടാവില്ല. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ടാഴ്ച കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *